2009, മാർച്ച് 25, ബുധനാഴ്‌ച


രണ്ട്‌
ഗോളാന്തരയാത്രികന്
‍വേണുവിനേയും കൂട്ടിക്കൊണ്ട്‌ ആ അജ്ഞാതമനുഷ്യന്‍ സര്‍പ്പക്കാവിന്റെ ഒത്തനടുക്കെത്തി. അയാളുടെ പിന്നില്‍ നടക്കുമ്പോള്‍ വേണു ഊഹിക്കുവാന്‍ ശ്രമിച്ചു. എന്തിനായിരിക്കുമിയാള്‍ തന്നെ കൊണ്ടുപോകുന്നത്‌? നിധികണ്ടുപിടിക്കുവാന്‍ വേണ്ടി കുട്ടികളെ ബലികൊടുകുന്ന മന്ത്രവാദിയോ മറ്റോ ആയിരിക്കുമോ? ഏയ്‌, ഇയാളെ കണ്ടിട്ട്‌ അത്ര ക്രൂരനാണെന്നു തോന്നുന്നില്ല. ജയിലില്‍ക്കിടക്കുന്ന തന്റെ കൂട്ടാളികളെ വിടുവിക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ മക്കളെ അപഹരിക്കുന്ന ഭീകരന്മാരുണ്ട്‌. അങ്ങിനെ വല്ലവരുമാകുമോ? പക്ഷേ അച്ഛനിന്നേ വരെ ഭീകരന്മാരെ പിടിച്ച്‌ അകത്താക്കിയതായി കേട്ടിട്ടില്ല. കള്ളക്കടത്തുകാരനോ, കൊള്ളക്കാരനോ മറ്റോ ആയിരിക്കുമോ? ആരായാലും തത്ക്കാലം അനുസരിക്കുകയേ നിവൃത്തിയുള്ളൂ. അവന്റെ കയ്യിലെ മൃത്യുകിരണത്തിന്റെ ശകതി കണ്ടതാണല്ലോ?കാടിന്റെ ഒത്തനടുക്കു ചുറ്റുപാടുകളേകാള്‍ താണ ഒരു സ്ഥലമുണ്ടായിരുന്നു. അവിടേയ്ക്കാണയാള്‍ അവനെക്കൊണ്ടുപോയത്‌. മുമ്പവിടെ ഒരു കൊക്കരണിയുണ്ടായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞ്‌ അവന്‍ കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ ഒരു കുഴി മാത്രമേയുള്ളു. നാലു വശത്തുനിന്നും ഇഞ്ചയും മറ്റു മുള്‍പ്പടര്‍പ്പുകളും കയറി കിടക്കുന്നു. മഴക്കാലത്തു മാത്രം കുഴിനിറയെ വെള്ളമുണ്ടാകും. മഴമാറിയാല്‍ ചെളിയും പിന്നെ അതുണങ്ങി വിണ്ട കട്ടകളും. ഇപ്പോഴത്തെ അവസ്ഥ അതാണ്‌. അവിടെയെത്തിയപ്പോള്‍ അജ്ഞാതന്‍ നിന്നു. ഇടത്തേക്കൈ പൊക്കി ഒന്നുരണ്ടുവട്ടം വീശി. വാളുകൊണ്ടരിഞ്ഞാലെന്ന പോലെ മുള്‍പ്പടര്‍പ്പിന്റെ ഒരുഭാഗം തറപറ്റി. അവിടെ അകത്തേയ്ക്കു കടക്കാന്‍ പാകത്തില്‍ വഴി തെളിഞ്ഞു. "ശ്ശെടാ! ഇതു കൊള്ളാമല്ലോ! വേണ്ടപ്പോള്‍ ആയുധമോ പണിയുപകരണമോ എന്തു വേണമെങ്കിലുമാക്കാം!" വേണു മനസ്സിലോര്‍ത്തു. കുഴിയുടെ നടുവിലതാ വലിയൊരു പത്താഴം പോലെ എന്തോ ഒന്ന്. മുമ്പൊന്നും അതവിടെയുണ്ടായിരുന്നില്ലെന്നു വേണുവിനു നല്ല ഉറപ്പുണ്ടായിരുന്നു. അജ്ഞാതന്‍ പണി തീര്‍ത്തതാവും. നേരത്തേ സൂചിപ്പിച്ച ആ വാഹനത്തിന്റെ ഗാരേജാവണം. സംഗതി എന്താണെങ്കിലും ഈ കാട്ടില്‍ ആരുമറിയാതെ ഇയാളിതെത്തിച്ചതെങ്ങിനെയാണാവോ? അത്ഭുതം തന്നെ. ആ പെട്ടകത്തിന്റെ ചുവരില്‍ കതകോ ജനലോ ഒന്നും കാണാനുണ്ടായിരുന്നില്ല. എങ്ങിനെയാണാവോ അകത്തു കടക്കാന്‍ പോകുന്നത്‌!ഒട്ടും കാത്തുനില്‍ക്കാതെതന്നെ ആ സംശയം തീര്‍ന്നു. അപരിചിതന്‍ ആ പത്താഴത്തിനടുത്തെത്തേണ്ട താമസം അതിന്റെ ഒരു ഭാഗം സാവധാനം അല്‍പ്പം വെളിയിലേയ്ക്കുതള്ളിയിട്ടു വശത്തേയ്ക്കു വഴുതിമാറി; യാതൊരുവിധത്തിലുമുള്ള ശബ്ദവുമുണ്ടാക്കാതെ. തുടര്‍ന്ന് രണ്ടുപടികള്‍ മാത്രമുള്ള ഒരു കോണി പുറത്തു വന്നു. അയാള്‍ വേണുവിനോട്‌ ആദ്യം അകത്തു കയറാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശിച്ചത്‌ വേണു അനുസരിച്ചു. പിന്നാലെ അയാളും അകത്തെത്തിയയുടന്‍ കോവണി അകത്തെയ്ക്കു മടങ്ങി, കതക്‌ അടഞ്ഞു. ആരാണതു ചെയ്തതെന്നറിയാന്‍ വേണു സൂക്ഷിച്ചു നോക്കി. തീരെ ഇടുങ്ങിയ ആ മുറിയ്ക്കകത്ത്‌ അവരെക്കൂടാതെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല.ആ പത്താഴത്തിന്റെ ഭിത്തിയില്‍ ചേര്‍ത്തുണ്ടാക്കിയതുപോലെ ഒരു അലമാരയുണ്ടായിരുന്നു. വെളുത്ത പ്ലാസ്റ്റിക്കുപോലെ എന്തോ ഒന്നുകൊണ്ടുണ്ടാക്കിയത്‌. അതിനും കതകൊന്നും ഉള്ളതുപോലെ തോന്നിയില്ല. കമ്പ്യൂട്ടറിന്റേതുപോലുള്ള ഒരു സ്ക്രീനും സ്പീക്കറുകള്‍ക്കു വേണ്ടിയുള്ളതുപോലെ വലകൊണ്ടടച്ച ഒരു ദ്വാരവുമൊഴിച്ചാല്‍ പേ.റ്റകത്തിന്റെ ചുവര്‍ പൂര്‍ണ്ണമായും നിരപ്പും മിനുസവുമുള്ളതായിരുന്നു. അയാള്‍ ഭിത്തിയില്‍ എവിടെയോ ഒന്നു ഞെക്കിയപ്പോള്‍ താഴെ രണ്ടിടത്തുള്ള ചുവര്‍ അടര്‍ന്നുവന്നു, ഒന്നു തിരിഞ്ഞപ്പോള്‍ അവയ്ക്കു കലുകള്‍ മുളച്ചു. ഒന്നില്‍ സ്വയം ഇരുന്നിട്ടു മറ്റതിലേയ്ക്കു വേണുവിനെയും ക്ഷണിച്ചു. അവനും ഇരുന്നു.പിന്നെയും അയാള്‍ എവിടെയൊക്കെയോ മാറിമാറി ഞെക്കിയപ്പോള്‍ ഒരു കാല്‍ക്കുലേറ്ററിന്റെയത്രയുള്ള കീ ബോര്‍ഡു വെളിയില്‍ വന്നു. അതിലയാള്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ സ്ക്രീനിനും സ്പീക്കറിനും ജീവന്‍ വച്ചു. "ഭൂമീവാസിക്കു ഈ ശൂന്യാകാശവാഹനത്തിലേയ്ക്കു സ്വാഗതം. ഞാന്‍ വന്നത്‌ ഴാവൂങ്ങ്‌ എന്ന ഒരു വിദൂരഗ്രഹത്തില്‍ നിന്നാണ്‌. ഡഫിന്‍ എന്ന നക്ഷത്രത്തിന്റെ ഗ്രഹമാണ്‌ ഴാവൂങ്ങ്‌. അപരിചിതമായ പേരുകള്‍ കേട്ട്‌ പരിഭ്രമിക്കേണ്ട. നിങ്ങളുടെ അത്യന്താധുനികശാസ്ത്രജ്ഞന്മാര്‍ക്കും ഈ ഗോളങ്ങളുടെ അസ്തിത്വത്തെപ്പറ്റി പോലും ഒന്നുമറിഞ്ഞുകൂടാ. ആകാശഗംഗയെന്നു നിങ്ങള്‍ വിളിക്കുന്ന നക്ഷത്രവ്യൂഹത്തില്‍ നിന്നൊക്കെ അനേകലക്ഷം പ്രകാശശതാബ്ദങ്ങള്‍ക്കപ്പുറമാണവ".അയാള്‍ പറഞ്ഞ ദൂരം എത്രയാണെന്നു കൃത്യമായി മനസ്സിലായില്ലെങ്കിലും അതു വലിയൊരു ദൂരമാണെന്നു വേണുവിനു മനസ്സിലായി. അല്‍പ്പമൊന്നു നിറുത്തിയിട്ട്‌ സ്പീക്കറില്‍ നിന്നുള്ള ശബ്ദം തുടര്‍ന്നു, "നിങ്ങള്‍ ഭൂമിവാസികള്‍ തമ്മില്‍ത്തമ്മില്‍ പേരുകളല്ലേ വിളിക്കുന്നത്‌?" സൂക്ഷിച്ചുനോക്കിയപ്പോള്‍ വേണുവിനൊരു കാര്യം പിടികിട്ടി. തന്നോടു സംസാരിക്കുന്നത്‌ ആ അപരിചിതന്‍ തന്നെയാണ്‌. ആരോ അയാള്‍ പറയുന്നതിനെ അപ്പപ്പോള്‍ തര്‍ജ്ജമചെയ്യുകയാണ്‌. അയാള്‍ നേരത്തേ സൂചിപ്പിച്ച യന്ത്രമായിരിക്കും. കൊള്ളാം നല്ല വിദ്യ! എവിടെപ്പോയാലും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വേണു മറുപടിപറഞ്ഞത്‌ അപരിചിതന്റെ നേരേ തിരിഞ്ഞിട്ടാണ്‌. "ശരിയാ. എന്റെ പേര്‌ വേണുഗോപാല്‍. വേണു എന്നു ചുരുക്കിയും വിളിക്കും. നിങ്ങളുടെ പേരെന്താ?"അയാള്‍ ചിരിച്ചു, "ശാസ്ത്രീയമായ പുരോഗതിക്കിടയില്‍ ഞങ്ങള്‍ പലതും കളഞ്ഞുകുളിച്ചു. അതിലൊന്ന് പേരിട്ടുവിളിക്കുന്ന പാരമ്പര്യമാണ്‌. ഞങ്ങളെ തിരിച്ചറിയാന്‍ കുറേ അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കോഡുകളാണുള്ളത്‌. നിങ്ങളുടെ കറന്‍സി നോട്ടുകളിലും ലോട്ടറിടിക്കറ്റിലുമൊക്കെയുള്ളതുപോലെ. വേണുവെന്ന പേരു കൊള്ളാം. ചെറുതായതുകൊണ്ട്‌ ഓര്‍ക്കാനെളുപ്പം. ഈവിടെത്തങ്ങുന്ന സമയമത്രയും ഉപയോഗിക്കാന്‍ ഒരു പേരിനു വേണ്ടി ഞാന്‍ നിങ്ങളെപ്പറ്റിയുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില വമ്പന്‍ പേരുകള്‍ കണ്ടു. ബാലഗംഗാധരതിലകന്‍, എഡിസണ്‍ അരാന്തസ്‌ നാസിമാന്റോ, പുത്തങ്കാവു മാത്തൂത്തരകന്‍, വിഷ്ണുനാരായണന്‍നമ്പൂതിരി. കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും ഓര്‍ക്കാന്‍ വിഷമം. ചെറിയൊരു പേര്‌ കണ്ടുപിടിച്ചോളൂ എനിക്കും".അല്‍പ്പമാലോചിച്ചിട്ട്‌ അവന്‍ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേരു പറഞ്ഞു, "സൂനു" എന്നായാലോ?"കൊള്ളാം, വേണു, സൂനു. തമ്മില്‍ച്ചേരും."പിന്നെ കുറേ നേരം അവര്‍ പലതും സംസാരിച്ചു. ഴവൂങ്ങിനെപ്പറ്റി വേണുവിന്‌ ധാരാളം ചോദിക്കാനുണ്ടായിരുന്നു. ഭൂമിയേപ്പറ്റി അധികമൊന്നും പറയേണ്ടി വന്നില്ല. വേണുവിനറിയാവുന്നതിലധികം അയാള്‍ക്കറിയാം. തങ്ങളുടെ ഗ്രഹത്തിനോട്‌ ഏറ്റവും അടുത്ത, ജനവാസമുള്ള ഗ്രഹമായ ഭൂമിയേപ്പറ്റി ഴാവൂങ്ങിലുള്ള ശാസ്ത്രജ്ഞന്മാര്‍ വിശദമായി മനസ്സിലാക്കിയിട്ടുണ്ടെന്നു സൂനു പറഞ്ഞപ്പോള്‍ വേണു ചിരിച്ചു, നല്ല അടുപ്പം തന്നെ! കോടിക്കണക്കിനു കിലോീമീറ്റര്‍!സൂനു പറഞ്ഞ കാര്യങ്ങളില്‍ നിന്നും വേണു മനസ്സിലാക്കി, ഴാവൂങ്ങുകാര്‍ ഭൂമിയിലെ മനുഷ്യരേക്കാള്‍ ശാസ്ത്രീയപുരോഗതിയില്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ മുന്നിലാണ്‌. ഇന്ന് ഭൂമിയില്‍ അത്യന്താധുനികമായി കണക്കാക്കുന്നത്‌ പലതും അവിടെ ആയിരം വര്‍ഷങ്ങള്‍ പഴയ അറിവാണ്‌. ശാസ്ത്രീയോപകരണങ്ങളുപയോഗിച്ച്‌ അവര്‍ക്കു കാട്ടാന്‍ പറ്റുന്നതു പലതും മനുഷ്യര്‍ക്കു മഹേന്ദ്രജാലമായേ തോന്നൂ. ഉദാഹരണമായി ഒന്നു രണ്ടു കാര്യങ്ങള്‍ സൂനു പറഞ്ഞു. നേരത്തെ വട്ടോലവള്ളിയില്‍ വേണു കണ്ട വിചിത്രജീവികളെല്ലാം സൂനു രൂപം മാറിവന്നതാണത്രേ. മനുഷ്യര്‍ വേഷം മാറുന്നത്ര എളുപ്പത്തില്‍ അവര്‍ക്കു രൂപം മാറ്റാന്‍ കഴിയും. ഇപ്പോഴുപയോഗിച്ചിരിക്കുന്ന മനുഷ്യക്കോലം പോലും യഥാര്‍ത്ഥമല്ല. ശരിക്കുള്ളതിന്റെയൊരു ചിത്രം സൂനു സ്ക്രീനില്‍ കാട്ടിക്കൊടുത്തു. അതിവിചിത്രം! എറുമ്പുകളോടാണു കൂടുതല്‍ സാമ്യം. ആറു കാലുകള്‍ ഇല്ലെന്നു മാത്രം."എന്തിനായിരുന്നു ആ വിചിത്ര വേഷങ്ങള്‍ കെട്ടിയത്‌?" വേണു ചോദിച്ചു."അതോ? നീ ഏതു തരക്കാരനാണെന്നു മനസ്സിലാക്കാന്‍. ആളക്രമിയാണോ എന്നറിയാതെ മുമ്പില്‍ വന്നാല്‍ വല്ല സാഹസവും കാട്ടിയാലോ! മുന്‍പൊരിക്കല്‍ എനിക്കങ്ങനെയൊരു കളിപ്പു പറ്റിയതാ. ഇതിനുമുമ്പത്തെ താവളം ആഫ്രിക്കന്‍ വനത്തിലൊരിടത്തായിരുന്നു. ഒരു പിഗ്മിയുടെ മുമ്പില്‍ ചെന്നു പെട്ടുപോയി. അയാളുണ്ട്‌ എന്റെ പുറകെ വിഷം പുരട്ടിയ അമ്പും തൊടുത്തോണ്ട്‌. ഒരുവിധം ഓടി രക്ഷപെട്ടു. ഹാവൂ!""എന്തിനാ ഓടിയത്‌?" വേണുവിനു സംശയം. "കയ്യില്‍ മൃത്യുകിരണമുണ്ടായിരുന്നില്ലേ?""അയ്യൊ! അതൊന്നും കൊല്ലാനുപയോഗിക്കുകയില്ല, നിവൃത്തിയുണ്ടെങ്കില്‍. അതൊക്കെ പേടിപ്പിക്കാന്‍ മാത്രം. ഒന്നാമത്‌ ഞങ്ങള്‍ അഹിംസയില്‍ വിശ്വസിക്കുന്നു. രണ്ടാമത്‌, ചെല്ലുന്ന നാട്ടിലെ നിയമസമാധാനത്തിലൊന്നും ഇടപെടാതെ മിണ്ടാതെയനങ്ങാതെ രഹസ്യമായി കാര്യം നടത്തി പോവുകയാണ്‌ ഞങ്ങളുടെ ഉദ്ദേശ്യം."ഴാവൂങ്ങുകാരുടെ ശാസ്ത്രീയാമായ സിദ്ധികള്‍ അമ്പരപ്പിക്കുന്നതായിരുന്നു. വസ്തുക്കള്‍ കൈ തൊടാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു മാറ്റുക, ദൂരെയുള്ള കാര്യങ്ങള്‍ ഒരിടത്തിരുന്നു തന്നെ നിരീക്ഷിക്കുക, കഴിഞ്ഞുപോയ സംഭവങ്ങളുടെ ചിത്രങ്ങളും ശബ്ദങ്ങളും പിടിച്ചെടുക്കുക തുടങ്ങി ഒട്ടനവധി അവിശ്വസനീയമായ കാര്യങ്ങള്‍ അവര്‍ക്കു നിഷ്പ്രയാസം സാധിക്കുമത്രേ. ആ പറഞ്ഞതിലൊന്നും വേണുവിനത്ര വിശ്വാസം വന്നില്ല. അവന്‍ വെല്ലുവിളിച്ചു. "എന്നാലിപ്പോള്‍ എന്റെ വീട്ടിലെന്താണു നടക്കുന്നതെന്നു കണ്ടുപിടിച്ചു പറയാമോ?""യാതൊരു വിഷമവുമില്ല. അതിലൊക്കെ വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്‌."അപ്പോഴാണു വേണു നേരത്തേ ചോദിക്കാനുദ്ദേശിച്ച ഒരു കാര്യം ഓര്‍ത്തത്‌. "ഇതാണോ വാഹനം? ഇതിനു ചക്രവും ചിറകുമൊന്നുമില്ലല്ലോ?""അതൊക്കെയുണ്ടാക്കാന്‍ ഏറിയാല്‍ മൂന്നു മിനിട്ടു മതി. അതില്‍ രണ്ടു മിനിട്ടു വേണുവിനെ പുറത്തിറക്കി കതകടയ്ക്കാനാണ്‌"ഇതു പറയുന്നതിനിടയില്‍ സൂനു തന്റെ കീബോര്‍ഡില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. ഒരു നീണ്ട "കീ" ശബ്ദം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു, "ദാ കണ്ടോളൂ, ഴാവൂങ്ങിലെ സൂപ്പര്‍ വിഷന്‍ ടെക്നോളജി". മുമ്പിലുള്ള സ്ക്രീനില്‍ ഒരു ചിത്രം തെളിഞ്ഞു. വാഹനത്തിനു തൊട്ടുപുറത്തെ കാട്‌.സാവധാനത്തില്‍ ആ ചിത്രം നീങ്ങി. കാടിന്റെ ബാക്കി ഭാഗങ്ങള്‍, വെളിയിലെ തെങ്ങിന്‍ തോപ്പ്‌, അവിടെ മേയുന്ന പശുക്കളും, പറമ്പില്‍ പണിചെയ്യുന്ന പണിക്കാരും, വീടിന്റെ മുറ്റം, അവിടെ കല്ലുകൊത്തിക്കളിക്കുന്ന ഗീത, അരമതിലിലിരുന്നു തലയിണയുറയില്‍ ചിത്രപ്പണി ചെയ്യുന്ന അമ്മ. തുന്നുന്ന ചിത്രം വരെ തെളിഞ്ഞു കാണാം. രണ്ടു തത്തകള്‍!"ഹായ്‌! നല്ല രസം!" വേണു തുള്ളിച്ചാടി. "ഇന്നൊരു പുകിലൊണ്ട്‌. ഞാന്‍ വീട്ടില്‍ച്ചെല്ലുമ്പോള്‍ പറയും, ചാത്തന്‍ സേവകൊണ്ട്‌ ഞാന്‍ അമ്മ തുന്നിയ ചിത്രമെന്താണെന്നറിഞ്ഞെന്ന്"."അയ്യോ! ചതിച്ചേക്കല്ലേ!" സൂനു അപേക്ഷിച്ചു. "അങ്ങിനെയൊക്കെ പറഞ്ഞാല്‍ ഞാനിവിടുള്ള കാര്യം മറ്റുള്ളവരറിയും. അതു ശരിയാവില്ല. നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വേണുവിനെപ്പോലും അറിയിക്കാതെ കഴിച്ചേനേ. നിങ്ങള്‍ മനുഷ്യര്‍ പലരീതിക്കാരാണ്‌ ചിലര്‍ക്കു അക്രമവാസന കൂടും. രക്ഷപെടാന്‍ വേണ്ടി എനിക്കു രണ്ടേ വഴിയുള്ളു. ഒന്ന് ഉടനടി സ്ഥലം വിടല്‍. അല്ലെങ്കില്‍ തിരിഞ്ഞു നിന്ന് മൃത്യുകിരണം പ്രയോഗിക്കല്‍."കാര്യങ്ങളുടെ കിടപ്പു വേണുവിനു നല്ലതു പെലെ മനസ്സിലായി. രണ്ടും നല്ലതല്ല. സൂനു പോവുകയും വേണ്ട, തന്റെയാളുകള്‍ക്ക്‌ അപകടം വരുകയുമരുത്‌. "ശരി, ഞാന്‍ സൂക്ഷിച്ചോളാം" അവന്‍ വാക്കുകൊടുത്തു.പിന്നെ സൂനു വേണുവിന്റെ വീട്ടിലുള്ളവരേപ്പറ്റിയൊക്കെ പലതും ചോദിച്ചു. അച്ഛന്‍ അമ്മ, മുത്തശ്ശി ഇവരെക്കുറിച്ചെല്ലാം പറഞ്ഞപ്പോള്‍ ഒരു മുത്തശ്ശിക്കഥ കേട്ടതുപോലെ രസിച്ചിരിക്കുകയായിരുന്നു, സൂനു. അയാളുടെ മാതാപിതാക്കളേപ്പറ്റി ചോദിച്ചപ്പോള്‍ ചെറിയൊരു വേദനകലര്‍ന്നപുഞ്ചിരിയോടെ സൂനു പറഞ്ഞു, "പരീക്ഷണശാലകളിലെ കുപ്പികളെയും, നാളികളെയും, പാത്രങ്ങളെയുമൊക്കെ അച്ഛനമ്മമാരെന്നു വിളിക്കാമെങ്കില്‍ എനിക്കുമുണ്ടേതോ ഒരച്ചനുമമ്മയും". ഈ ഉത്തരം കേട്ടിട്ട്‌ വേണുവിനുണ്ടായ അമ്പരപ്പു നീക്കാന്‍ അയാള്‍ തുടര്‍ന്നു പറഞ്ഞു, "സ്ത്രീപുരുഷബന്ധം വഴി സന്താനങ്ങളുണ്ടാകുന്ന രീതി ഴാവൂങ്ങില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിയമവിരുദ്ധമാക്കി.""പിന്നേ?""പരീക്ഷണശാലകളിലും യന്ത്രശാലകളിലുമാണ്‌ കുട്ടിയുടെ ഉല്‍പ്പാദനം, വളര്‍ച്ച ഇതൊക്കെ. അതിനിടയില്‍ കൊടുക്കുന്ന പഷ്ടികവസ്തുക്കള്‍, മരുന്നുകള്‍ ഇവയൊക്കെ ഉണ്ടാകാനിരുക്കുന്ന കുട്ടി എന്തിനുള്ളതാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ നിശ്ചയിക്കുന്നത്‌. അതും ചെയ്യുന്നതു കമ്പ്യൂട്ടറുകളാണ്‌. എന്നെ ഭൂമിയുല്‍ വന്നു ജീവിക്കാനും, പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താനുമാണു സൃഷ്ടിച്ചത്‌. അതുകൊണ്ടാണ്‌ എനിക്കു ഭൂമിയേപ്പറ്റി ഇത്രയൊക്കെ അറിയുന്നത്‌. മിക്ക ഴാവൂങ്ങുകാര്‍ക്കും ഭൂമി ഉള്ളതായിത്തന്നെ അറിയില്ല."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ