സമര്‍പ്പണം:ബാലമനസ്സറിഞ്ഞ ബാലസാഹിത്യകാരന്മാര്‍ക്ക് - പ്രത്യേകിച്ച് എന്‍.കെ. ദേശം, വേണു വാരിയത്ത്, മോഹന്‍ദാസ് മുത്തലപുരം എന്നിവര്‍ക്ക്
ഴാവൂങ്ങിലെ കഥ, ഭൂമിയിലേതും
(ഒരു കാല്‍പനിക ശാസ്ത്രീയ കഥ)
ബൈ: ബാലേന്ദു
സര്‍പ്പക്കാവിലെ സന്ദര്‍ശകന്‍.
തരം കിട്ടുമ്പോഴൊക്കെ വീട്ടിനടുത്തുള്ള സര്‍പ്പക്കാവില്‍ പോയിരിക്കുന്നത് വേണുവിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നും നടക്കുന്ന കാര്യമല്ല. പഠിത്തമുള്ള ദിവസങ്ങളില്‍ പകല്‍ സമയത്തൊന്നും സാധിക്കില്ല. രാത്രിയില്‍ കയറിപ്പോകാന്‍ പറ്റിയ സ്ഥലമല്ലല്ലോ സര്‍പ്പക്കാവ്. പക്ഷേ ഒഴിവുദിവസങ്ങളിലെ കഥ അതല്ല. മുഴുവന്‍ പകലും അതിനുള്ളില്‍ ചിലവിടും. വായനയും എഴുത്തും പകലുറക്കവുമൊക്കെ അതിനുള്ളില്‍ത്തന്നെ. എന്നും പച്ചപിടിച്ച് ഇടതൂര്‍ന്നു നില്‍ക്കുന്ന അസ്സല്‍ കാടാണ് ആ അരയേക്കര്‍ പുരയിടം. വേണുവിന്റെ കുടുംബത്തിലുള്ളവരുടെ തികഞ്ഞ ഈശ്വരവിശ്വാസം കൊണ്ടു മാത്രമാണ് അത് നിലനില്‍ക്കുന്നത്. അതല്ലായിരുന്നെങ്കില്‍, നഗരാതിര്‍ത്തിക്കടുത്തു ഇത്രയും വന്മരങ്ങളുണ്ടോ ഇത്രയൂം കാലം ശേഷിക്കുന്നു? ഈ കാട്ടിനുള്ളില്‍ എല്ലാ നാഗദൈവങ്ങളും ഉണ്ടത്രേ! കൂടാതെ നിരവധി ചാത്തന്മാരും യക്ഷികളും. അതിലെ ഓരോ നാഗത്തന്മാരും, ദേവതകളും അവിടെ വന്നെത്തിയതിന്റെ പിന്നില്‍ കഥകളുണ്ട്. അവയൊക്കെ മുത്തശ്ശി പറഞ്ഞ് അവന്‍ കേട്ടിട്ടുണ്ട്. ഒട്ടു മിക്കതും മന്ത്രവാദം നടത്തി ബാധയൊഴിപ്പിച്ച കഥകള്‍! മിക്ക കഥകളും ഒരുപോലെ തന്നെ. കുടുംബത്തിലാര്‍ക്കെങ്കിലും പതിവില്ലാത്ത അസുഖമെന്തെങ്കിലും വന്നാല്‍ ജ്യോീത്സ്യനെ വരുത്തുകയായി. അയാള്‍ പൊടി കൊണ്ടു കളം വരച്ച് കവടി നിരത്തി, ചിലപ്പോള്‍ വെറ്റിലയില്‍ മഷി തേച്ച് എന്തൊക്കെയോ കണക്കു കൂട്ടി ഒരു യക്ഷിയുടേയോ,ഗന്ധര്‍വ്വന്റേയൊ, പ്രേതാത്മാവിന്റേയോ പേരു പറയും. പിന്നെ മന്ത്രവാദിയുടെ വരവായി. അയാളുടെ പരിപാടികള്‍ കുറേക്കൂടി വിസ്തരിച്ചാണ്. കളങ്ങള്‍ക്കു നിറങ്ങള്‍ കൂടും. പന്തങ്ങള്‍, തെള്ളിയേറ് കടുപ്പമുള്ള ശബ്ദത്തിലുച്ചരിക്കുന്ന മന്ത്രങ്ങള്‍ അങ്ങിനെ പലതും. കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മന്ത്രവാദി ബാധയോടു ഒഴിഞ്ഞുപോകാന്‍ കല്‍പ്പിക്കും. സര്‍പ്പക്കാവിലെ ഇലഞ്ഞിത്തറയിലെ കല്ലുകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി ചേരും. ഈയിടെയായി അത്രയധികമൊന്നും പ്രശ്നം വയ്ക്കലും മന്ത്രവാദവും നടക്കാറില്ല. അതൊക്കെ അന്ധവിശ്വാസങ്ങളാണെന്നാണു അച്ഛന്റെ പക്ഷം. വല്ലപ്പോഴും, പ്രത്യേകിച്ച് മുത്തശ്ശി വല്ലാതെ നിര്‍ബ്ബന്ധം പിടിക്കുമ്പോള്‍ മാത്രം. പക്ഷേ, പൂജകള്‍ മുടങ്ങാറില്ല. മുത്തശ്ശി പറയുന്ന കഥകളൊക്കെ വേണുവിനു മനഃപാഠമാണ്. നല്ല വിശ്വാസവും. സര്‍പ്പക്കാവിലുള്ള ദേവതകളെയൊന്നും അവനു പേടിയില്ല. ചുറ്റുപാടുകള്‍ വ്യക്തമായി കാണാന്‍ പാകത്തില്‍ വെളിച്ചമുണ്ടെങ്കില്‍ ഏതു സമയത്തു വേണമെങ്കിലും അവന്‍ ആ കാട്ടിനുള്ളില്‍ പോകും. അവന്റെ കൂട്ടുകാരില്‍ ഒരാള്‍ക്കു പോലും അതിനുള്ളില്‍ കടക്കാന്‍ ധൈര്യമില്ല. അടുത്തു പോകുന്നവര്‍ തന്നെ ചുരുക്കം. പാമ്പെന്നും ഭൂതമെന്നുമൊക്കെ കേട്ടാല്‍ത്തന്നെ പേടിക്കുന്നവര്‍ സര്‍പ്പക്കാവില്‍ നിന്നും പറ്റുന്നത്ര അകലത്തേ നില്‍ക്കൂ. പക്ഷേ വേണുവിനറിയാം ദേവതകളായാലും ജീവികളായാലും അങ്ങോട്ടുപദ്രവിച്ചാലേ അവ മനുഷ്യനെ ഉപദ്രവിക്കൂ എന്ന്. മറ്റുള്ളവരുടെ ഭയം വേണുവിനൊരു സൗകര്യമായിട്ടാണു അനുഭവപ്പെടാറുള്ളത്. വേണുവിന്റെ അച്ഛനും പേടിയില്ല. എന്നാലും എന്തെങ്കിലും അത്യാവശ്യം വന്നാലേ കാട്ടില്‍ കയറാറുള്ളൂ. വലിയ പോലീസുദ്യോഗസ്ഥനാണ്. നാട്ടിലെ കേസുകള്‍ തീര്‍ന്നിട്ടു വേണ്ടേ കാട്ടിലേതു നോക്കാന്‍! അമ്മയ്ക്കും അനുജത്തി ഗീതയ്ക്കും കാട്ടില്‍ വരാന്‍ യാതൊരു താല്‍പര്യവുമില്ല. അവന്റെ 'വനവാസ'ത്തിനേപ്പറ്റി അവരെപ്പോഴും കളിയാക്കും. അമ്മ പറയാറുള്ളത്. "അവന്‍ കാരണോന്മാര്‍ക്കു കൂട്ടിരിക്കാന്‍ പോയിരിക്യാ" എന്നാണ്. ഗീതയുടെ അഭിപ്രായം, "വേണ്വേട്ടന്‍ തപസ്സു ചെയ്യുക" യാണെന്നും. ആരെന്തു പറഞ്ഞാലും അവനൊരു കൂസലുമില്ല. തിരുവാതിര കളിക്കാന്‍ അമ്മ പാടാറുള്ള ഒരു പാട്ടില്‍ പറയുന്നതു പോലെ, 'വനസുഖമാരറിഞ്ഞു!' ഉച്ചവെയിലത്തു പോലും സുഖമായ തണുപ്പാണവിടെ. കൂട്ടിനാണെങ്കില്‍ എണ്ണിയാല്‍ തീരാത്തത്ര ജന്തുവര്‍ഗ്ഗങ്ങളും.അന്നത്തെ പകല്‍ നല്ല ചൂടുള്ളതായിരുന്നു. വലിയ അവധി തുടങ്ങിയിട്ട് രണ്ടാഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. അമ്മാവന്മാര്‍ ചിറ്റമ്മമാര്‍ തുടങ്ങിയവരുടെയെല്ലാം വീടുകളിലേയ്ക്കുള്ള ആണ്ടു തോറും പതിവുള്ള ചുറ്റിയടി പൂര്‍വ്വാധികം ഭംഗിയായി കഴിഞ്ഞു. വേണുവിന് അതൊരു വഴിപാടു പോലെയാണ്. അവിടെയെങ്ങും കാടും തോടും മേടുമൊന്നുമില്ല. റബ്ബറല്ലാതെ മരങ്ങളുമില്ല. അറുബോറ്! സദാസമയവും ടീവീയുടെ മുമ്പില്‍ത്തന്നെ എല്ലാവരും. ചാനലുകളില്‍ പരിപാടിയില്ലെങ്കില്‍ സി.ഡി കൊണ്ടു വരും. വേണുവിന്റെ 'കാടത്തത്തെ' അവരെല്ലാം കളിയാക്കും. ജംഗ്ലീ, കാട്ടുമനുഷ്യന്‍, വനവാസി, .റ്റാര്‍സന്‍ എന്നൊക്കെ വിളിക്കുന്നവരുണ്ട്. എല്ലാത്തിനും കഥകളിയായിട്ടുള്ള കുട്ടമ്മാവനാണെങ്കില്‍ അവനെക്കണ്ടാലപ്പോള്‍ പാടും, "എടുത്തു വാളും അമ്പും വില്ലും .. " തീരെ ഒഴിവാക്കാനാവാത്ത സന്ദര്‍ശനങ്ങള്‍ കഴിച്ചുകൂട്ടി മടങ്ങിവന്നിട്ട് അധികനേരമായില്ല. ധൃതിയില്‍ ഊണു കഴിച്ചിട്ട് കൈകഴുകിയയുടന്‍ വേണു സര്‍പ്പക്കാവിലേയ്ക്കോടുന്നതു കണ്ട് അമ്മ കളിയാക്കി, "വേഗം ചെല്ലൂ, ദെവസങ്ങളായില്ലേ നെന്നെ കണ്ടിട്ട്! കാരണോന്മാര് കാത്തിരിക്കണ്‌ണ്ടാവും!"ഇത്തവണ വേണുവിന്റെ കാടിനോടുള്ള സ്നേഹം കുറച്ചു കൂടുതലായിട്ടുണ്ട്. അവന്റെ ഒരമ്മാവന്റെ മകളുടെ ഭര്‍ത്താവ്, ബാലേട്ടന്‍, ചെയ്ത മൂന്നുമണിക്കൂര്‍ പ്രസംഗമാണു കാരണം. വിഷയം പരിസ്ഥിതി സംരക്ഷണം. പ്രകൃതിയെ കീഴടക്കാനുള്ള ശ്രമത്തിനിടയില്‍ മനുഷ്യന്‍ ചെയ്തുകൂട്ടിയ കടുംകൈകളേപ്പറ്റി അങ്ങേരു പറയുന്നതു കേട്ടാല്‍ ആയിരം നാവുകളുണ്ടെന്നു തോന്നും.കേരളത്തിലും തമിഴ്‌നാട്ടിലും നിലവിലുള്ള മിക്ക പഴയ ആരാധനാസമ്പ്രദായങ്ങളും പ്രകൃതിസ്നേഹത്തില്‍ നിന്നും ഉടലെടുത്തതാണത്രേ! മരങ്ങളേയും, പുഴകളേയും, മലകളേയുമൊക്കെ ആരാധിക്കുന്നതിനു കാരണവും അതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ കൊടിയടയാളമാണു പാമ്പ്. ബാലേട്ടന്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ പുതിയതായെന്തെങ്കിലും കേട്ടതുപോലെയല്ല, മുമ്പു കേട്ടതൊക്കെ വീണ്ടും ഓര്‍മ്മപ്പെടുത്തിയതുപോലെയാണു വേണുവിനു തോന്നിയത്.പതിവനുസരിച്ച് ഇലഞ്ഞിത്തറയ്ക്കു കുറ്റും ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടാണ് അവന്‍ കാവിനുള്ളില്‍ കടന്നത്. അവന്‍ ഏറ്റവുമിഷ്ടമുള്ള ഈട്ടിമരത്തണലിലെ തുറസ്സിലയ്ക്കു നടന്നു. ഈട്ടിയുടെ തുഞ്ചത്തുനിന്നും തൂങ്ങിയിറങ്ങി കുറച്ചകലെ നില്‍ക്കുന്ന ഒടുകിലേയ്ക്കു കയറിക്കിടക്കുന്ന ഒരു കൂറ്റന്‍ വട്ടോലവള്ളിയുണ്ട്. ഒരു പടുകൂറ്റന്‍ പെരുമ്പാമ്പാണെന്നു തോന്നും. താഴത്തെ വളഞ്ഞയറ്റം തറയില്‍ നിന്നും കഷ്ടിച്ചു നാലടി ഉയരത്തിലാണ്. അതില്‍ക്കയറിയാല്‍ ഇരുന്നോ കിടന്നോ ആടാം. ഒരു 'വലത്തൊട്ടില്‍' പോലെ. ഈട്ടിയുടെ ചുവട്ടിലിരുന്നാല്‍ കാണാന്‍ പലതുമുണ്ട്. ഇലച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയില്‍, തടികളില്‍ കൂട്ടം ചേര്‍ന്നിരിക്കുന്ന തേനീച്ചകള്‍, എല്ലായ്പ്പോഴും ചിലച്ചുകൊണ്ട് പാറിപ്പറന്നു നടക്കുന്ന ഒരുപാടിനം കിളികള്‍, ചോദ്യചിഹ്നം പോലെ വളഞ്ഞ വാലുകളും തുള്ളിച്ചുകൊണ്ടു ചാടിയോടി നടക്കുന്ന അണ്ണാറക്കണ്ണന്മാര്‍, ചിലപ്പോഴൊക്കെ മുയലുകളും, കീരികളും. അണ്ണാന്‍ ഇടയ്ക്കിടെ കരിയിലകള്‍ക്കിടയില്‍ നിന്നും എന്തൊക്കെയോ പൊക്കിയെടുത്തു കൊണ്ട് ഓടുന്നതു കാണാം. വേണുവിന് എത്ര സൂക്ഷിച്ചു നോക്കിയാലും ആ കരിയിലക്കൂട്ടത്തില്‍ മറ്റൊന്നും കാണാന്‍ കഴിയാറില്ല. പക്ഷേ അണ്ണാനും പക്ഷികള്‍ക്കും പറ്റും.വേണു പതിവുപോലെ ഈട്ടിച്ചുവട്ടിലെ കരിയിലമെത്തയില്‍ പോയിരുന്നു. ചുറ്റും കണ്ണോടിച്ചു. അവന്‍ കയറിയിരിക്കാറുള്ള വട്ടോലവള്ളിയിലതാ ഒരു കുഞ്ഞിക്കി.ലീ. സാധാരണ കാണാറുള്ള കിളികളേപ്പോലെയൊന്നുമല്ല നിറം. ചുണ്ടും കണ്ടിട്ടുള്ള ആകൃതിയിലല്ല. പുതിയ ഇനമേതോ ആണ്. വീട്ടില്‍ ചെല്ലുമ്പോള്‍ പക്ഷിവിജ്ഞാനകോശത്തില്‍ നോക്കാം. ആ കിളി കുറേ നേരം അവനേത്തന്നെ നോക്കി. വിചിത്രമായി തലചരിച്ചും ചാച്ചും. പിന്നെ അതിവിചിത്രമായ ശബ്ദത്തില്‍ ഉറക്കെ ചിലച്ചിട്ട് പറന്നു പോയി.ഏറെക്കഴിഞ്ഞില്ല, ഒടുകിന്റെ വശത്തുനിന്നും വള്ളി വഴി ഒരു ജന്തു ഇറങ്ങി വന്നു; ഒറ്റനോട്ടത്തില്‍ അണ്ണാനേപ്പോലെ. പക്ഷെ എടുപ്പും നടപ്പുമൊന്നും അണ്ണാനെപ്പോലെയല്ല. പിരുപിരാ ഓടുന്നതിനു പകരം കുരങ്ങും നായുമൊക്കെ നടക്കുമ്പൊലെ. വാലാണെങ്കില്‍ ചാവാലിപ്പട്ടികളെപ്പോലെ വളച്ചു കാലുകള്‍ക്കിടയില്‍. വേണുവിനു ചിരിപൊട്ടിപ്പോയി. ചിരികേട്ടു ഞെട്ടിയതുപോലെ അതു ധൃതിയില്‍ തിരിച്ചുപോയി.ഏറെക്കഴിഞ്ഞില്ല, മറ്റൊരു വിചിത്രജന്തുവിന്റെ വരവായി. ആകൃതി പാമ്പിന്റേത്. കടും നീലനിറം. ഇഴഞ്ഞും പുളഞ്ഞുമൊന്നുമല്ല വരവ്. ചാണ്‍ വെച്ചു നീങ്ങുന്ന പുഴുവിനെപ്പോലെ. ഇങ്ങനെയൊരു പാമ്പിനേപ്പറ്റി വേണു കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.ഇതെന്താ വിചിത്രജീവികളുടെ ഫാഷന്‍ പരേഡോ മറ്റോ ആണോ? അതോ താന്‍ സ്വപ്നത്തിലാണോ? വേണു ഒന്നിളകിയിരുന്നു. വള്ളിയുടെ താഴത്തെയറ്റത്തെത്തിയിട്ട് പാമ്പും തിരികെപ്പോയി. പോക്കു നല്ല വേഗതയിലാണ്.ഇനിയും വല്ലതുമുണ്ടോ ആവോ? മൂന്നു കൊമ്പുള്ള മുയലോ, തൂവലുകളുള്ള വവ്വാലോ, കുപ്പായമിട്ട കുരങ്ങോ! എന്തായാലും വരട്ടെ. രസമായിരിക്കും.അടുത്തതായി പ്രത്യക്ഷപ്പെട്ട ജീവി അവന്‍ പ്രതീക്ഷിച്ചതിനേക്കാളെല്ലാമേറെ വിചിത്രമായിരുന്നു. ഒരടിയോളം മാത്രം പൊക്കമുള്ള ഒരു കൊച്ചുമനുഷ്യന്‍! ആ കൊച്ചന്‍ നടക്കുമ്പോള്‍ ബാലന്‍സില്ലാത്തതുപോലെ രണ്ടുവശത്തേയ്ക്കും ആടുന്നുണ്ടായിരുന്നു. താഴത്തെയറ്റത്തെത്തിയപ്പോള്‍ മുഖം ശരിക്കു കണ്ടു. ഒരു കൊച്ചു കുട്ടിയുടേതു പോലെ. വല്ല കുട്ടിച്ചാത്തനുമായിരിക്കുമോ? മുത്തശ്ശി പറഞ്ഞിട്ടുള്ള ഒരു കഥ അവനോര്‍ത്തു. പണ്ട് തേവലശ്ശേരി നമ്പി ഇലഞ്ഞിത്തറയില്‍ പിടിച്ചിരുത്തിയ കുട്ടിച്ചാത്തനേപ്പറ്റി. മുന്‍നിരയില്‍ ഇടത്തുനിന്നും മൂന്നാമത്തെ കല്ല്. ഏതു ചാത്തനുമാവട്ടെ, അവനറിയാം, ഈശ്വരനാമം ജപിച്ചാല്‍ അടുത്തു വരില്ല. അവന്‍ ഉറക്കെ പറഞ്ഞു, "ഓം നമഃശിവായ." അവന്‍ പറഞ്ഞു തീര്‍ന്നതും ആ കൊച്ചുമനുഷ്യനും അതാവര്‍ത്തിച്ചു, "ഓം നമഃശിവായ." ശബ്ദം വലിയ ആളുടേതു പോലെ. വേണുവിന് നല്ല ധൈര്യമായി. ഏതായാലും ദുര്‍ദ്ദേവതകളൊന്നുമല്ല. ആയിരുന്നെങ്കില്‍ ശിവപഞ്ചാക്ഷരി ജപിക്കുമായിരുന്നില്ല.ഏങ്കില്‍പ്പിന്നെ ഇതാരാണ്? അഥവാ എന്താണ്?ആ കൊച്ചുമനുഷ്യന്‍ വള്ളിയില്‍ നിന്നും താഴെയിറങ്ങി. പെട്ടെന്നു നിലത്തെത്തുകയല്ല ചെയ്തത്. സൂചിത്തുള വീണ ബലൂണ്‍ പോലെ സാവധാനം. തറയിലെത്തിയയുടന്‍ അയാള്‍ വേണുവിന്റെ അടുത്തേയ്ക്കു നീങ്ങി. നടന്നല്ല റോളര്‍ സ്കേറ്റില്‍ ഉരുളുന്നതുപോലെ.അടുത്തെത്തിയ ഉടന്‍ അയാല്‍ തന്റെ ഇടത്തെ കൈത്തണ്ടയില്‍ വലതു കയ്യിലെ വിരലുകള്‍ കൊണ്ടു മൊബെയില്‍ ഫോണിലേതുപോലെ കുറെ അമുക്കി. പൊടുന്നനെ അയാള്‍ വലുതാകാന്‍ തുടങ്ങി. വേണു ഞെട്ടി. ഇതെന്ത്? വാമനാവതാരമോ?വേണു ചാടിയെഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു. "ആക്രമിക്കരുത്. ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല." തന്റെ പൊക്കം ഏതാണ്ടു വേണുവിനോളമായപ്പോള്‍ ആ മനുഷ്യന്‍ വളര്‍ച്ച മതിയാക്കി. ഇത്ര രസികനായ ഒരുത്തനെ ആക്രമിക്കാനോ? എന്തിന്? വേണു മനസ്സിലോര്‍ത്തു.വേണു മറുപടി പറയും മുമ്പ് ആ മനുഷ്യന്‍ പറഞ്ഞു, "എന്നെ ഉപദ്രവിച്ചാല്‍ നിന്നെ നശിപ്പിക്കാന്‍ എനിക്കൊരു നിമിഷം മതി, ദാ ഇങ്ങനെ."ഇത്രയും പറഞ്ഞ് അയാള്‍ തന്റെ ഇടത്തേക്കയ്യുടെ ചൂണ്ടുവിരല്‍ അല്‍പ്പമകലെക്കിടന്ന ഒരു കരിങ്കല്ലിനു നേരേ ചൂണ്ടി. ഇടിമിന്നല്‍ പോലൊരു വെളിച്ചം. അ.റ്റുത്ത നിമിഷത്തില്‍ കല്ലുകിടന്നിടത്ത് ഒരു കൂന ചാരം മാത്രം.ഇയാളാരാ ശിവനോ? പക്ഷേ ശിവന്റെ തീ കണ്ണിലല്ലേ? സൗകര്യത്തിനു കയ്യിലേയ്ക്കു മാറ്റിയതാണോ?വേണു പരിഭ്രമിച്ചെന്നറിഞ്ഞിട്ടാവണം അയാള്‍ തുടര്‍ന്നു, "പേടിക്കേണ്ട."വേണു മറുപടി പറയാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ ചുണ്ടില്‍ വിരല്‍ വച്ച് നിശ്ശബ്ദം എന്നു കാണിച്ചു. എന്നിട്ടു പറഞ്ഞു, "കൂടുതല്‍ പറയാന്‍ തര്‍ജ്ജമ യന്ത്രം വേണം. അതു വാഹനത്തില്‍ .. അവിടെ"അയാള്‍ ചൂണ്ടിയതു കാടിന്റെ നടുവിലേയ്ക്കായിരുന്നു. വാഹനം, തര്‍ജ്ജമയന്ത്രം! എന്താണതെല്ലാം? വേണു മിഴിച്ചുനിന്നു."പിന്നാലെ വാ!" എന്നു പറഞ്ഞിട്ട് അയാള്‍ ആ വശത്തേയ്ക്കു നടന്നു. കണ്ടിടത്തോളം ഈ വാമനശിവന്‍ചാത്തനെ അനുസരിക്കയാണു ഭേദമെന്നു വേണു തീരുമാനിച്ചു. അല്ലെങ്കിലും തന്റെ സര്‍പ്പക്കാവില്‍ അനുവാദം കൂടാതെ കടന്നു കൂടിയ കക്ഷി ആരാണെന്നറിയണമല്ലോ!ഒന്നും മിണ്ടാതെ വേണു അപരിചിതന്റെ പിന്നാലെ നടന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ