മൂന്ന്
ഒരു ദുഃഖവാർത്ത
സൂനുവിന്റെ ഴാവൂങ്ങ് കഥകൾ മുഴുവനാക്കും മുമ്പുതന്നെ വേണുവിന് വീട്ടിലേയ്ക്കു മടങ്ങേണ്ടി വന്നു. അവന്റെ അച്ഛൻ വീട്ടിൽ വന്നു കയറുന്നതു സ്ക്രീനിൽ കണ്ടപ്പോൾ അവൻ ചാടിയെഴുനേറ്റിട്ടു പറഞ്ഞു, “അച്ചന്റെ കയ്യിലെ പൊതി കണ്ടോ? ഞങ്ങൾക്കുള്ള പുതിയ ഡ്രസ്സുകളാവും. ഉടനെ എന്നെ വിളിക്കാൻ ഗീതയെ വിടും. അവൾ വരുന്നതിനു മുമ്പു പോയേക്കുകയാ ഭേദം.”
“ശരിയാ,”സൂനു പറഞ്ഞു. “ഇനിയെപ്പഴാ വരുക?”
“നാളെ രാവിലെ വരാം.”
സൂനു അവനെ വാഹനത്തിനു പുറത്തു വിട്ടു യാത്ര പറഞ്ഞപ്പോൾ വേണു പറഞ്ഞു. “ഒരു കാര്യം പറയാൻ മറന്നു. സന്ധ്യയ്ക്കു വിളക്കു വയ്ക്കാൻ പെണ്ണുങ്ങളാരെങ്കിലുമാവും വരുക. ആ നേരത്തിറങ്ങി നടന്നു കണ്ണിൽ പെടണ്ട. അഥവാ വല്ല ഫാൻസിഡ്രസ്സും നടത്തുകയാണെങ്കിൽ തോന്നിയപോലെ വേഷം കെട്ടരുത്.”
“ഓ! അതോർത്ത് ഭയം വേണ്ട. നേരത്തെ ചെയ്തതൊക്കെ മനഃപൂർവ്വമാ.”
അവൻ ഇലഞ്ഞിത്തറ കടന്നപ്പോളേയ്ക്കും ഗീത എത്തിയിരുന്നു. അവൾ വിളിച്ചുപറഞ്ഞു, “അച്ഛൻ വന്നു. ഏട്ടനെ വിളിക്കണു.”
“ഞാൻ കണ്ടു. അതുകൊണ്ടാ ഓടി വന്നത്.” പറഞ്ഞു കഴിഞ്ഞാണ് അതിലെ അബദ്ധം അവനോർത്തത്. പക്ഷേ ഗീതയുടെ അടുത്ത ചോദ്യം അവനു രക്ഷപെടാനുള്ള വഴിയുണ്ടാക്കി.
“അതെങ്ങന്യാ? വല്ല കുട്ടിച്ചാത്തനും ടീവീല് കാട്ടിത്തന്നോ?“
ആശ്വാസത്തോടെ അവൻ പറഞ്ഞു. ”ഓ!“
ഒരു തമാശ കേട്ടിട്ടെന്നപോലെ അവൾ ചിരിച്ചു.
ഇനി മേലിൽ വല്ലതും പറയുമ്പോൾ നല്ലതുപോലെ ആലോചിച്ചു വേണം, വേണു മനസ്സിലോർത്തു. സർപ്പക്കാവിനുള്ളിലൊരു വിദൂരഗോളവാസിയുള്ളത് ആരെങ്കിലുമറിഞ്ഞാൽ കുഴപ്പമാവും.
വീട്ടിലെത്തി, അച്ഛന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് അച്ഛൻ പറഞ്ഞത്. ”ഒരു ബാഡ് ന്യൂസൊണ്ട്. നിങ്ങൾ കളിക്കുന്ന മൈതാനമില്ലേ, അമ്പലത്തിനടുത്തുള്ളത്? അവിടെ ഒരു കെമിക്കൽ ഫാക്ടറി തുടങ്ങാൻ പോകുന്നു. ഇന്നാണ് മന്ത്രി അതിനുള്ള അനുവാദം ഒപ്പിട്ടുകൊടുത്തത്, ഒരു വിദേശിസ്ഥാപനത്തിന്“
വേണു തരിച്ചിരുന്നു. അമ്മ ചോദിച്ചു, ”അതെങ്ങിനെയാ. ആ സ്ഥലം കുട്ട്യോൾക്കുള്ള പാർക്കിനുള്ളതല്ലേ?“
”പാർക്കിനു റിസർവ്വു ചെയ്യാൻ ഉത്തരവിട്ടതും ഇതേ മന്ത്രി തന്നെ. പക്ഷേ സ്വാധീനമുള്ള പണക്കാരൻ വന്നപ്പോൾ മട്ടുമാറി.“
വേണു പ്രതിഷേധിച്ചു. ”അതു പറ്റില്ല. കഴിഞ്ഞ ശിശുദിനത്തിന് കളക്ടർ പറഞ്ഞതാ ഓണത്തിനു മുമ്പ് പാർക്കിനുള്ള പണി തുടങ്ങുമെന്ന്.“
”പണി വിഷുവിനു മുമ്പു തന്നെ തൊടങ്ങും. പക്ഷേ പണിയണതു പാർക്കല്ല, ഫാക്ടറിയാ.“
”ആരും ചോദിക്കാനും പറയാനുമില്ലേ?“ അമ്മ ചോദിച്ചു.
”ചോദിക്കണ്ടതു നാട്ടുപ്രമാണിമാരല്ലേ? ആയിരം പേർക്കു പണി കിട്ടുമെന്നൊക്കെ പറഞ്ഞ് അവരെ വശത്താക്കിയിരിക്കയാ. തുടങ്ങുമ്പോൾ കാണാം, മുഴുവൻ കമ്പ്യൂട്ടറും റോബൊയുമാവും. പത്തു പേർക്കു പണികിട്ടിയാലായി. വണ്ടിയിൽ ചാക്കു കേറ്റണ പണി പോലും കാണില്ല, ഈ നാട്ടുകാർക്കു വേണ്ടി.“
അച്ഛന്റെ ധാർമ്മികരോഷം നിറഞ്ഞ പ്രസംഗം അവസാനിച്ചത് പതിവുവാചകത്തിലാണ്. ”ഗുണം വരാൻ പ്രയാസമാ.“
പിറ്റേദിവസം പ്രാതൽ കഴിഞ്ഞ് സർപ്പക്കവിനുള്ളിൽ, തന്റെ പുത്തൻസുഹൃത്തിന്റെ ‘പത്തായപ്പുര’യിലേയ്ക്കു പോയപ്പോഴും വേണുവിന്റെ മനസ്സു നിറയെ കളിസ്ഥലം പൊയ്പോകുമല്ലോ എന്ന ദുഃഖമായിരുന്നു. കാട്ടിനുള്ളിൽ കയറിയയുടൻ സൂനുവിനെ വിളിക്കാനുണ്ടായ വിചാരം അവൻ വേ?ം അടക്കി. ആരെങ്കിലും കേട്ടാൽ കുഴച്ചിലാകും. പേടകത്തിനു വെളിയിൽ എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം സംശയിച്ചുനിന്നപ്പോഴേയ്ക്കും അതിന്റെ കവാടം തനിയേ തുറന്നു; ശബ്ദമുണ്ടക്കാതെ. അകത്തുകടന്നയുടൻ അടയുകയും ചെയ്തു. സൂനു തന്റെ യന്ത്രത്തിലൂടെ സംസാരിക്കാൻ പാകത്തിൽ തയ്യാറായിട്ടിരുപ്പുണ്ട്.
”ഓം നമഃശിവായ“ എന്നു പറഞ്ഞാണ് അവൻ വേണുവിനെ സ്വാഗതം ചെയ്തത്.
അൽപ്പം വിസ്മയത്തോടെ വേണു കോദിച്ചു, ”സൂനുവെന്തിനാ നാമം ജപിക്കുന്നത്?“
”ജപിക്കലോ? ഇന്നലെ ആദ്യം കണ്ടപ്പോൾ അഭിവാദനം ചെയ്തത് അതു പറഞ്ഞിട്ടല്ലേ? ഞാൻ കരുതി നിങ്ങളുടെ രീതി അതാണെന്ന്.“
”ഓഹോ!“ വേണു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതു സത്യത്തിൽ, തന്റെ കുട്ടിച്ചാത്തൻ വേഷം കണ്ടിട്ടുണ്ടായ പേടി പോകാൻ ഞാൻ ജപിച്ചതാ“.
”അപ്പോൾ പിന്നെ ശരിക്കുള്ള അഭിവാദനരീതി എങ്ങിനെയാ?“
”സ്ഥിരമായിട്ടൊരു രീതിയൊന്നും ഞങ്ങൾക്കില്ല. ഇപ്പോഴൊക്കെ സായിപ്പിന്റെ സമ്പ്രദായമാ.“ ഇത്രയും പറഞ്ഞിട്ട് അവൻ പലതരം അഭിവാദനങ്ങൾ പറഞ്ഞും കാണിച്ചും കൊടുത്തു. സ്സൊനു അതെല്ലാം ശ്രദ്ധയോടെ മനസ്സിലാക്കി.
വേണുവിനുമുണ്ടായിരുന്നു ഒരു സംശയം കോദിക്കാൻ. ”ഞാൻ വന്നയുടൻ മുട്ടുകപോലും ചെയ്യുന്നതിനുമുൻപ് എങ്ങിനെയറിഞ്ഞു. അതോ കതകു തനിയേ തുറന്നതാണോ?“
”അതങ്ങിനെ തനിയേ തുറക്കുകയൊന്നുമില്ല. അതിനു ചില കോഡുകളൊക്കെയുണ്ട്. വേണു വരുന്നതു ഞാൻ കണ്ടിരുന്നു. വാസ്തവത്തിൽ ഇന്നലെ വേണു പോയപ്പോൾ മുതൽ ഞാൻ നിങ്ങളെയൊക്കെത്തന്നെ നോക്കിയിരിക്കയായിരുന്നു. ഇന്നലെയെന്താ നിങ്ങൾ വലിയ ഗൗരവമുള്ളതെന്തോ ചർച്ച ചെയ്യുന്നതു പോലെ ..?“
”ശരിയാ. കാര്യം വളരെ ഗൗരവമുള്ളതുതന്നെ. പത്രക്കാരെഴുതുന്നതുപോലെ പറഞ്ഞാൽ, ജീവന്മരണപ്രശ്നം!“ കളിസ്ഥലം ഫാക്ടറിക്കു കൊടുക്കാനുള്ള മന്ത്രിയുടെ തീരുമാനത്തെപ്പറ്റി വളരെ വിസ്തരിച്ചു പറഞ്ഞു. അവൻ പറഞ്ഞു നിറുത്തിയതിങ്ങനെയായിരുന്നു.
”ഈ മന്ത്രിമാരെക്കൊണ്ടു തോറ്റു. മീറ്റിങ്ങിൽ വച്ച് അലറിവിളിച്ചു പറയും, കുഞ്ഞുങ്ങളാണു ദേശത്തിന്റെ ഭാവി. അവർക്കുവേണ്ടി ചെയ്യുന്നതെല്ലാം വിളനിലത്തിൽ വിത്തിറക്കുന്നതു പോലുള്ള നല്ല കാര്യമാണ് എന്നൊക്കെ. പക്ഷേ കാട്ടിക്കൂട്ടുന്നതൊക്കെ ഒരു തമ്പ്രാൻ പറഞ്ഞതുപോലെ, ഏട്ടിലപ്പടി, പയറ്റിലിപ്പടി. ഇവരുടെയൊക്കെ ചെറുപ്പത്തിൽ കളിക്കാൻ സ്ഥലത്തിനൊന്നുമൊരു പഞ്ഞവുമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയതല്ലല്ലോ?“
സൂനുവിന്റെ പ്രതികരണം വലിയ ഗൗരവത്തോടെയായിരുന്നു. ”നഗരത്തിനടുത്തു യാതൊരു കാരണവശാലും വച്ചുകൂടാത്ത സ്ഥാപനമാണ് കെമിക്കൽ ഫക്ടറി. ഞങ്ങളുടെ ്ര?ഹത്തിനെ കുളം തോണ്ടിയത് ഈത്തരം നരകക്കുഴികൾ തന്നെയാണ്.“
അൽപ്പനേരം ആലോചിച്ചിരുന്നിട്ടു ആ അതിവിദൂരഗ്രഹവാസി പറഞ്ഞതു കേട്ടപ്പോൾ വേണുവിനു തോന്നി, ഭൂമിയുടെ ഭാവിയെപ്പറ്റിയുള്ള പ്രവചനമാണു നടക്കുന്നത് എന്ന്.
”ഒരായിരം കൊല്ലം മുമ്പു വരെ, ഴാവൂങ്ങും പച്ചപിടിച്ച ഗ്രഹമായിരുന്നു. എങ്ങും ഹരിതാഭം. വെറുമൊരു നൂറ്റാണ്ടിൽ കുറഞ്ഞ കാലം കൊണ്ടാണതൊക്കെ നഷ്ടമായത്. ആലോചനയില്ലാത്ത വനം നശീകരണം, ഭാവനയില്ലാത്ത വ്യവസായീകരണം, രാസവിപ്ലവം, അണുവിപ്ലവം എല്ലാം കൂടി, നിങ്ങളുടെ ഒരു പുസ്തകത്തിലെങ്ങാണ്ടു വായിച്ചതു പോലെ കുട്ടിയമ്മാവനായി, കുരങ്ങായി; തോട്ടം വെളുത്തു.“
”ആരും എതിർത്തില്ലേ?“
”ഓ! എതിർപ്പൊക്കെ ഉണ്ടായി. പക്ഷേ അവർ വളരെക്കുറച്ചു പേർ മാത്രം. കുറേപ്പേരെ സ്ഥാനമാനങ്ങൾ കൊടുത്തു മിണ്ടിക്കാതെയാക്കി. കുറേപ്പേരെ വികസനത്തിന്റെ ശത്രുക്കളെന്നു മുദ്രയടിച്ചു. കുറേപ്പേരെ സർവ്വനാശത്തിന്റെ പ്രവാചകർ എന്നു വിളിച്ചു കളിയാക്കി.“
”ഇവിടെ നടന്നു വരുന്നതും അതൊക്കെത്തന്നെ“ വേണു പറഞ്ഞു. ”ഇക്കണക്കിനു അദ്ധികം കഴിയുന്നതിനു മുമ്പു ഞങ്ങളും നിങ്ങളുടെ വഴിക്കാവുമല്ലോ!“
”പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ചങ്ങാതീ. ഒക്ഷേ സത്യാവസ്ഥ അതാണ്.“
വേണു നിസ്സഹായതയോടെ പറഞ്ഞു, ”വലിയവർ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നിടത്തു കുട്ടികളെന്തു ചെയ്യാൻ!“
സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. ഉച്ചയായപ്പോൾ വേണു പറഞ്ഞു, ”ചോറുണ്ണാറായി. അച്ഛൻ വരുമ്പോൾ വീട്ടിൽക്കാണാതിരുന്നാൽ ഉടൻ സമൻസു വരും. അതിനു മുമ്പു പോകുന്നതാ നല്ലത്.“
അവൻ എഴുനേറ്റു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ